Wednesday 23 July 2014

എങ്ങിനെ പ്രാര്‍ഥിക്കണം? - 18

പ്രാര്‍ത്ഥന ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരവിഭാജ്യഘടകമാണ്. ഒരു മാതൃകാ പ്രാര്‍ത്ഥന, എപ്പോഴുമൊരു സൌഖ്യാനുഭവമായിരിക്കും. പ്രാര്‍ത്ഥന ഫലിച്ച ഒരനുഭവമെങ്കിലും ഉണ്ടാകാത്ത വ്യക്തികളും കുറവാണ്. പക്ഷെ, പ്രാര്‍ത്ഥനയുടെ ശക്തി അസന്നിഗ്ദമായി തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ലാറെ ദോസ്സി എന്ന ഗവേഷകന്‍ പറയുന്നത്, പ്രാര്‍ത്ഥനകൊണ്ടാണ് സംഭവിച്ചതെന്ന് കരുതുന്ന ഒരു കാര്യം പ്രാര്‍ത്ഥന കൊണ്ടു മാത്രമാണ് സംഭവിച്ചതെന്ന് പറയാന്‍ ഒരിക്കലും സാധിക്കില്ലായെന്നാണ്. ക്വാണ്ടംഫിസിക്സ് പ്രാര്‍ഥനയെ നിരീക്ഷിച്ചപ്പോള്‍ പ്രാര്‍ത്ഥനയാല്‍ ബന്ധിക്കപ്പെട്ട കേന്ദ്രങ്ങള്‍ തമ്മില്‍ ഒരു ഊര്‍ജ്ജപ്രവാഹം സംഭവിക്കുന്നുവെന്ന് കണ്ടെത്തി. വസ്തുവിന്‍റെ അഞ്ചാമത് അവസ്ഥയിലുള്ളതാണ് ഈ പ്രവാഹമെന്നും അവര്‍ പറഞ്ഞു. ഈ ഊര്‍ജ്ജത്തെയാണ് ഭാരതം പ്രാണാ എന്ന് വിശേഷിപ്പിക്കുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും അത്ഭുതമെന്നു കരുതുന്ന പലതും പ്രാര്‍ത്ഥനയുടെ മാത്രം ഫലമല്ലായെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ പ്രാര്‍ത്ഥനയെ, ഈശ്വരനുമായുള്ള ഒരൊത്തുചേരല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ബന്ധം നിലനില്‍ക്കുന്നുവെങ്കില്‍ ഓരോ ശ്വാസവും പ്രാര്‍ത്ഥനയുമാകും. ഭാരതീയ ചിന്തകളനുസരിച്ച് ഈശ്വരനുമായുള്ള ഈ ബന്ധം വാചികം (speaking), ഉപാംശം (whispering) മാനസം (mental tracing) എന്നിങ്ങനെ മൂന്നു വിധത്തിലാവാം. ഏറ്റവും തൃപ്തിപ്പെടുത്തുന്നത് വാചികവും ഏറ്റവും ശക്തിയേറിയത്‌ ഏറെ ഏകാഗ്രത ആവശ്യമുള്ള ഉപാംശവുമാണ്.

പ്രാര്‍ത്ഥനയുടെ ആദ്യ ഘട്ടത്തില്‍ മനുഷ്യന്‍ സംസാരിക്കുകയും ദൈവം കേള്‍ക്കുകയും ചെയ്യുന്നു. ഇതിന്‍റെ രണ്ടാം ഘട്ടത്തില്‍ ദൈവം സംസാരിക്കുകയും മനുഷ്യന്‍ കേള്‍ക്കുകയും ചെയ്യുന്നു. മൂന്നാം ഘട്ടത്തില്‍ നിതാന്തമായ നിശ്ശബ്ദതയാണ്‌,  ആരും സംസാരിക്കുന്നുമില്ല ആരും ആരെയും കേള്‍ക്കുന്നുമില്ല, പക്ഷെ  പരസ്പരം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈ ഘട്ടങ്ങളെപ്പറ്റി വി. ബൈബിളും പരാമര്‍ശിക്കുന്നുണ്ട്. എങ്ങിനെ പ്രാര്‍ഥിക്കണമെന്നു ഗുരുവിനോട് ശിക്ഷ്യന്മാര്‍ ചോദിക്കുന്ന മൂന്നവസരങ്ങള്‍ ബൈബിളിലുണ്ട്. ആദ്യം, നിങ്ങളുടെ ചിന്തകളും ആവശ്യങ്ങളും പിതാവ് അറിയുന്നുണ്ടല്ലോ അവിടത്തോട് ഒന്നും ആവശ്യപ്പെടേണ്ടതില്ലല്ലോ എന്നാണ് ഗുരു മറുപടി പറഞ്ഞത്. മുമ്പ് സൂചിപ്പിച്ച  മൂന്നാം ഘട്ടമാണ് ഇവിടെ ഏറ്റവും മികച്ച പ്രാര്‍ഥനയായി യേശു സൂചിപ്പിക്കുന്നത്. മറ്റൊരവസരത്തില്‍ ഇതേ ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ യേശു പറഞ്ഞത് രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒന്നിച്ചു കൂടിയാല്‍ പിതാവ് അവിടെ ഉണ്ടാവും എന്നാണ്. ഇതുകൊണ്ടും തൃപ്തിയാവാതെ, മറ്റൊരവസരത്തില്‍ പ്രാര്‍ഥിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേയെന്നു ശിക്ഷ്യന്മാര്‍ അഭ്യര്‍ഥിച്ചപ്പോഴാണ്, പ്രസിദ്ധമായ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന യേശു പറഞ്ഞു കൊടുത്തത്. ഇത് ഒന്നാം ഘട്ടത്തിലുള്ള പ്രാര്‍ത്ഥന തന്നെ.

പ്രാര്‍ത്ഥന എന്തായിരുന്നാലും അതില്‍ അടങ്ങിയിരിക്കുന്ന ഇശ്ച (Intention) വളരെ നിര്‍ണ്ണായകമാണ്. ഒരു ടാക്സിയില്‍ കയറിയിരുന്നിട്ടു ഡ്രൈവറോട് പല ദിശകളിലേക്ക് പോകാന്‍ അതിലെ യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍, ഡ്രൈവര്‍ക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്ത് നിങ്ങളെ എത്തിക്കാന്‍ കഴിയില്ലാത്തതുപോലെയാണിതും. പ്രകടനങ്ങളുടെയും ഉരുവിടലുകളുടെയും ആവര്‍ത്തനം പ്രകാശമില്ലാതെ ചിത്രം എടുക്കുന്നതുപോലിരിക്കും എന്നാണ് ശ്രിരാമകൃഷ്ണ പരമഹൻസാ പറഞ്ഞത്. അദ്ദേഹം പറഞ്ഞ കഞ്ചാവ് വില്‍പ്പനക്കാരന്‍റെ ഉപമ വളരെ പ്രസിദ്ധമാണ്. കഞ്ചാവ് ചെറിയ ചെറിയ പൊതികളിലാക്കി 'കഞ്ചാവ്' 'കഞ്ചാവ്' 'കഞ്ചാവെ'ന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന ചെറുപ്പക്കാരന് ഒരിക്കലും ലഹരി പിടിക്കുന്നില്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. 'കര്‍ത്താവേ' 'കര്‍ത്താവേ'യെന്ന് അനേകം പ്രാവശ്യം ആവര്‍ത്തിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് യേശുവും സൂചിപ്പിച്ചിട്ടുണ്ട്. ഒരഭ്യര്‍ത്ഥനയുടെ ആവര്‍ത്തനം, ആവശ്യങ്ങളറിയാനും അതു പരിഹരിക്കാനുമുള്ള ദൈവത്തിന്‍റെ കഴിവിനെ സംശയിക്കലാണ്. ശരിയായ പ്രാര്‍ത്ഥന, ഹൃദയത്തില്‍ നിന്നുള്ള നന്ദിയുടെ നൈസര്‍ഗ്ഗികമായ കുത്തൊഴുക്കാണെന്നു പറയാം. കൃതജ്ഞതയാണ് ദൈവവുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാനുള്ള ഏക മാര്‍ഗ്ഗം.

ദൈവവും നമ്മളും മുന്തിരിച്ചെടിയും ശാഖകളും പോലെ അവിഭാജ്യഘടകങ്ങളാണെന്ന ചിന്ത പ്രാര്‍ഥനക്ക് അനിവാര്യമാണ്. സ്വാമി വിവേകാനന്ദന്‍റെ അഭിപ്രായം, ദൈവത്തെയും മനുഷ്യനെയും അകറ്റുന്ന ഏക ഘടകം അജ്ഞത മാത്രമാണെന്നാണ്. നാം പ്രാര്‍ത്ഥനയെന്നു വിളിക്കുന്നത്‌ യാചനകളെയാണെന്നതാണ് രസകരം. ‘ഉള്ളവന് സമൃദ്ധിയായി ലഭിക്കും’ എന്ന വചനം ഇവിടെ പ്രത്യേകം സ്മരണിയമാണ്. ഉള്ളവനെന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്, പ്രപഞ്ചത്തിന്‍റെ /ദൈവത്തിന്‍റെ സമൃദ്ധിയെ തിരിച്ചറിഞ്ഞവനും ലഭിച്ചതിനെയോർത്ത് ആഹ്ലാദിക്കുന്നവനേയുമാണ്. നാം എവിടെയാണോ ആയിരിക്കുന്നത് അത് നാം തിരഞ്ഞെടുത്തതു തന്നെയാണെന്ന വിചാരത്തോടെ, നാം ആയിരിക്കുന്നിടത്തു തന്നെ നിലനിര്‍ത്താനാവും ദൈവവും ശ്രമിക്കുക. അതായത്, ‘എനിക്കു തരേണമേ’ എന്ന് പ്രാര്‍ഥിക്കുന്നവന്‍ എന്നും അഭ്യര്‍ഥിച്ചുകൊണ്ടേയിരിക്കുന്ന ഒരവസ്ഥ തന്നെയാണ് ലഭിക്കുകയെന്ന് സാരം. പ്രാര്‍ത്ഥനയുടെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘടകമാണ് കീഴടങ്ങല്‍ (Surrender). ഒരു ഭീരു സ്വീകരിക്കുന്ന കീഴടങ്ങലല്ല (Submission) ഞാനുദ്ദേശിക്കുന്നത്. സ്വര്‍ഗ്ഗരാജ്യം ഉള്ളില്‍ തന്നെയാണെന്നുള്ള തിരിച്ചറിവോടെ ‘അവിടുത്തെയിഷ്ടം നിറവേറട്ടെ’യെന്ന ആഗ്രഹത്തോടെയുള്ള പ്രാര്‍ഥനയാണ് ശരിയായ പ്രാര്‍ത്ഥന. പൂര്‍ണ്ണമായും കീഴടങ്ങിയവന്‍ പ്രാര്‍ഥിക്കുന്നത്, എന്‍റെ ഇഷ്ടമല്ല ശരിയായത് എന്ന ചിന്തയോടെ തന്നെയായിരിക്കും. ഇവിടെ, സൃഷ്ടിക്കാനുള്ള നമ്മുടെ വൈഭവക്കുറവും, യഥോചിതമായത് തിരഞ്ഞെടുക്കാനുള്ള നമ്മുടെ പരിമിതിയും നാം അംഗികരിക്കുന്നു. ശരിയായ പ്രാര്‍ഥനയാണെങ്കില്‍ നിശ്ശ്ബ്ദതയിലൂടെ നമ്മുടെ തന്നെ അസ്ഥിത്വത്തിലേക്ക് നാം അലിഞ്ഞില്ലാതാവും. ആഘോഷമായി യേശു മൂന്നു പ്രാവശ്യം ദേവാലയത്തില്‍ പ്രവേശിച്ചെങ്കിലും ഒരിക്കല്‍ പോലും അവിടെ പ്രാര്‍ഥിക്കാന്‍ സമയം ചിലവിട്ടെന്നു ബൈബിള്‍ പറയുന്നില്ല. പിതാവുമായി സംവദിക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം നിശ്ശബ്ദതയുടെ മലഞ്ചെരുവുകളിലെക്കും തടാക തീരത്തേക്കുമൊക്കെ ഉള്‍വലിയുന്ന ഒരു ഗുരുവിനെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ഉള്ളു ശൂന്യമാക്കാന്‍ നിശ്ശ്ബ്ദതയ്കുള്ള കഴിവു മറ്റൊന്നിനുമില്ല. ശൂന്യതയിലേക്ക് പോവുമ്പോള്‍ മാത്രമാണ് നാം പ്രപഞ്ചവുമായി/ദൈവവുമായി കൂടുതല്‍ ലയവത്കരിക്കപ്പെടുന്നത്.

വളരെ ദോഷകരമായതോ വിനാശം വിതക്കുന്നവയോ ആണ് നെഗറ്റിവ് പ്രാര്‍ത്ഥനകള്‍. ഒരുവന്‍റെ വിധിയാണ് അവന്‍ അനുഭവിക്കുന്നതെന്ന ചിന്തയോടെ അവനെ സുഖപ്പെടുത്തണം അനുഗ്രഹിക്കണം എന്നൊക്കെ പ്രാര്‍ഥിക്കുന്നത് നെഗറ്റിവ് പ്രാര്‍ഥനയുടെ ഗണത്തില്‍ പെടും, കാരണം അവന്‍ പറയുന്നതിനേക്കാള്‍ ശക്തിയോടെ അവന്‍ ഉള്ളില്‍ സ്ഥാപിച്ച ഇശ്ച പ്രവര്‍ത്തിക്കുമെന്നുള്ളതാണ്. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം ചെയ്യുന്ന മിക്ക പ്രാര്‍ത്ഥനകളും വിപരീത ഫലം ചെയ്യുന്നവയാണ്. ഒരു രോഗിക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ മനസ്സില്‍ വിഭാവനംചെയ്യുന്നത് അവന്‍റെ രോഗാവസ്ഥ വര്‍ദ്ധിക്കുന്നതായാണെങ്കില്‍ രോഗിക്ക് അതെന്തുമാത്രം ദോഷം ചെയ്യുമെന്നു പറയേണ്ടതുണ്ടോ? പ്രാര്‍ഥിക്കാനറിയാത്തവരെ ആ ചുമതല എല്പ്പിക്കരുതെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. സമൂഹ പ്രാര്‍ഥനകള്‍ പ്രഹസനമാകുന്നതിന്‍റെ കാരണമിതാണ്.

ആധുനിക പ്രാര്‍ഥനകള്‍ മിക്കതും ആത്മാവിന്‍റെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ളതല്ല പകരം ഭൌതിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. യഥാര്‍ത്ഥ പ്രാര്‍ത്ഥനയില്‍ സ്വാര്‍ത്ഥചിന്തകള്‍ക്ക് സ്ഥാനമേയില്ല. എന്തിനുവേണ്ടിയാണോ പ്രാര്‍ഥിക്കുന്നത് അത് സാധിക്കുമ്പോളുണ്ടാകുന്ന മാറ്റങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും പ്രാര്‍ഥിക്കുന്നവന് കഴിയണം. പ്രാര്‍ഥിക്കുമ്പോള്‍ പോസിറ്റിവായിട്ടുള്ള ഒരു ഫലചിത്രത്തെ മനസ്സില്‍ സങ്കല്‍പ്പിക്കുക. അതേ ഇശ്ച സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രാര്‍ത്ഥനകളുമായി നിങ്ങളുടെ പ്രാര്‍ത്ഥന ലയവത്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. സ്വര്‍ഗ്ഗിയമായ ഒരനുഭവത്തോടെ വേണം ഓരോ പ്രാര്‍ത്ഥനയും അവസാനിക്കാന്‍. ഈ അനുഭവത്തിലായിരിക്കും എല്ലാവരുടെയും വിജയങ്ങളും. നന്നായി പ്രാര്‍ഥിക്കാന്‍ പഠിച്ചാല്‍ നന്നായി ജീവിക്കാനും പഠിച്ചുവെന്നര്‍ത്ഥം.  

PREVIOUS

1 comment: